കൊച്ചി: കോൺഗ്രസിനെ തള്ളി പറഞ്ഞ് എൻ സി പി യിൽ ചേക്കേറിയ ശരത് പവാറിൻ്റെ വിശ്വസ്തൻ പിസി ചാക്കോയെ എൻസിപി സംസ്ഥാന പ്രസിഡൻ്റാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്. പിസി ചാക്കോയ്ക്ക് പാർട്ടിയിൽ ഇതുവരെ സ്ഥാനങ്ങൾ നൽകിയിട്ടില്ല. സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ്റെ നേതൃത്വം ഇനി എൻ സി പി ക്ക് ഗുണം ചെയ്യില്ലെന്ന് ഒരുവിഭാഗം പറയുന്നു. ഇക്കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ശക്തമായിക്കഴിഞ്ഞു. എന്നാൽ ചാക്കോ ദേശീയ നേതാവായതിനാൽ സംസ്ഥാന അധ്യക്ഷ പദവി സ്വീകരിക്കാനിടയില്ലെന്ന് ചില നേതാക്കൾ പറയുന്നു.
അതേസമയം മുൻമന്ത്രി എകെ. ശശീന്ദ്രൻ തുടരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി മറുപക്ഷവും രംഗത്തുണ്ട്.
രണ്ട് എംഎൽഎമാർക്കും വേണ്ടി ഭാരവാഹികൾ രംഗത്തുവന്നതോടെ ഇക്കാര്യത്തിലും ശരത് പവാറിന്റെ ഇടപെടൽ അനിവാര്യമായി. സംസ്ഥാന അധ്യക്ഷനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും തോമസ് കെ. തോമസിനുവേണ്ടി നിലയുറപ്പിച്ചേക്കുമെന്നതിനാൽ അതിനെ ചെറുക്കാൻ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഇറങ്ങിയിട്ടുണ്ട്. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ചാക്കോയുടെ നിലപാടും നിർണായകമാവും.
ശശീന്ദ്രൻ പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കണമെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നത്. ടിപി പീതാംബരനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി, ആ സ്ഥാനം ശശീന്ദ്രൻ ഏറ്റെടുത്ത് മന്ത്രിസ്ഥാനം വിട്ടുകൊടുക്കണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ പ്രസ്താവനയിറക്കിയതും പാർട്ടിയിൽ വിവാദമായിട്ടുണ്ട്.
മുൻമന്ത്രി തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് എൻസിപി. അവിടെ സ്ഥാനാർഥിയായി തോമസ് കെ. തോമസിനെ പരിഗണിച്ചത്. ചാണ്ടിയുടെ സഹോദരൻ എന്നനിലയിലും കുടുംബത്തിന്റെ നിർദേശം പരിഗണിച്ചുമായിരുന്നു തീരുമാനം.
ഉപതിരഞ്ഞെടുപ്പ് നടക്കാതിരുന്നപ്പോൾ, പിന്നീടുവന്ന പൊതു തിരഞ്ഞെടുപ്പിലും ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെത്തന്നെ പരിഗണിക്കുകയായിരുന്നു. എംഎൽഎ എന്നനിലയിൽ പുതുമുഖമായ തോമസ് കെ. തോമസിനെ ഒറ്റയടിക്ക് മന്ത്രിയാക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.