ന്യൂഡെൽഹി : കേരളത്തിൽ ജൂൺ ആദ്യം തന്നെ മൺസൂൺ എത്തുമെന്ന് പ്രവചനം. ഇത് ആദ്യ കാല സൂചനയാണ്. ഈ വർഷം സാധാരണ മൺസൂൺ ആയിരിക്കുമെന്നും, ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നായിരുന്നു ഏപ്രിൽ 16 ന് നടത്തിയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മൺസൂണിൽ അഞ്ച് ശതമാനംവരെ വ്യത്യാസമുണ്ടാകാമെന്നും ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജിവൻ ട്വീറ്റ് ചെയ്തിരുന്നു. തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ രാജ്യത്ത് മൺസൂൺ ശരാശരിക്കും മുകളിലായിരുന്നു. ഇത്തവണ അത് സാധാരണ നിലയിലായിരിക്കുമെന്നും കാർഷികമേഖലയ്ക്കും, സമ്പദ് വ്യവസ്ഥയ്ക്കും അത് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.