ജില്ല വിട്ടുള്ള യാത്രകള്‍ പാടില്ല; അവശ്യസാധന കടകൾ രാവിലെ 6 മുതൽ രാത്രി 7.30 വരെ, ആരാധനാലയങ്ങളിൽ പ്രവേശനമില്ല ; ലോക്ഡൗൺ മാർഗനിർദേശങ്ങളായി

തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മെയ് 8 മുതൽ 16 വരെ പ്രഖ്യാപിച്ച ലോക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജില്ല വിട്ടുള്ള യാത്രകള്‍ക്ക് അനുമതിയില്ല. രാവിലെ ആറു മുതൽ വൈകുന്നേരം 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്നുപ്രവർത്തിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയെന്ന് മാർഗനിർദേശങ്ങളിൽ. വ്യക്തമാക്കി.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കുമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. റെയില്‍വെ സ്റ്റേഷനുകള്‍,എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം. ഏത് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നെങ്കിലും സത്യവാങ്മൂലം കൈവശം കരുതണം. ആശുപത്രി, വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരെ തടയില്ല.

വിവാഹ ചടങ്ങുകള്‍ക്ക് 30പേര്‍ക്ക് മാത്രം അനുമതി. വിവരം മുൻകൂട്ടി പോലീസ് സറ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങുകളിൽ 20പേര്‍ക്ക് മാത്രം പങ്കെടുക്കാം.ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങള്‍ തുറക്കാം, എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പെട്രോള്‍ പമ്പുകള്‍ തുറക്കാം.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാങ്ക്, ഇൻഷുറൻസ്, പണമിടപാടു സ്ഥാപനങ്ങൾ എന്നിവയ്ക്ക് രാവിലെ പത്തു മുതൽ ഒരു മണി വരെ ഇടപാടുകൾ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം.

പൊതുഗതാഗതം പൂർണമായും നിർത്തിവയ്ക്കും. അന്തർജില്ലാ യാത്രകൾ പാടില്ല. ആശുപത്രി, വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് രേഖകൾ കാണിച്ചാൽ പോകാം. ചരക്കുവാഹനങ്ങൾ തടയില്ല. സ്‌കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

അവശ്യസേവനങ്ങൾ ഒഴികെ സർക്കാർ ഓഫീസുകൾക്ക് അവധി

അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.
സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻ. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ. ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.

ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും. റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. വൈകിട്ട് 7.30ന് അടയ്ക്കണം.

മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി ടി എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം. റോഡ്, ജലഗതാഗത സർവീസുകൾ ഉണ്ടാവില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കൊറോണ പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.