ഭീമ ജുവലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ബീഹാർ സ്വദേശി പിടിയിൽ ; അറസ്റ്റിലായത് ​ഗോവയിൽ നിന്ന്

തിരുവനന്തപുരം: ഭീമ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഗോവയിൽ പിടിയിലായതായി വിവരം.ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ബീഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ പിടിയിലായത്. ഇത് സംബന്ധിച്ച്‌ കേരള പൊലീസിന് വിവരം കിട്ടി.

ഭീമ ജുവലറി ഉടമ ഡോ.ബി.ഗോവിന്ദന്റെ കവടിയാറിലെ വസതിയിലാണ് കഴിഞ്ഞ ഏപ്രിൽ 14ന് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്.മോഷ്ടാവിൻ്റെ ചിത്രങ്ങൾ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു.

നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.ഭീമ ഗോവിന്ദന്റെ വസതിയിലെ മോഷണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്ക് സംസ്ഥാനം കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പൊലീസ് തിരുവനന്തപുരം മ്യൂസിയം പോലീസിനെ അറിയിക്കുന്നത്. തെളിവെടുപ്പിനായി ഇയാളെ തിരുവനന്തപുരത്തു കൊണ്ടുവരുമെന്നാണ് അറിയാൻ കഴിയുന്നത്.