തിരുവല്ല: കാലം ചെയ്ത മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. മാർത്തോമ്മ സഭയുടെ തിരുവല്ല ആസ്ഥാനത്ത് ബിഷപ്പുമാർക്കുള്ള പ്രത്യേക കല്ലറയിലായിരുന്നു കബറടക്കം. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ശുശ്രൂഷകൾ.
സംസ്ഥാനത്തിന്റെ ആദര സൂചകമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. കബറടക്ക ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകി. സഭയിലെ മറ്റു ബിഷപ്പുമാരും സഹോദര സഭകളിലെ ബിഷപ്പുമാരും ശുശ്രൂഷകളിൽ പങ്കെടുത്തു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രത്യേക പ്രാർഥനകൾ നടത്തി. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് അനേകരാണ് കൊറോണ പ്രോട്ടോക്കോൾ പാലിച്ച് വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. രാവിലെ മുതൽ സഭാ ആസ്ഥാനത്ത് സാമൂഹിക, രാഷ്ട്രീയ, ആത്മീയ നേതാക്കൾ മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികൾ നേർന്നു.
ഓഡിറ്റോറിയത്തിൽനിന്നു സെമിത്തേരിയിലേക്കുള്ള വഴിയിൽ പ്രതീകാത്മകമായ നഗരികാണിക്കൽ നടത്തിയാണ് കബറടക്കം നടത്തിയത്. ഏപ്രിൽ 27-ന് 104-ാം ജന്മദിനം ആഘോഷിച്ച വലിയ മെത്രാപ്പൊലീത്ത ബുധനാഴ്ച പുലർച്ചെ 1.15-ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. രണ്ടാഴ്ചയോളം സ്വകാര്യമെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ക്രിസോസ്റ്റത്തെ ചൊവ്വാഴ്ചയാണ് അവിടെനിന്നു ഡിസ്ചാർജ് ചെയ്തത്.