കണ്ണൂർ ചാലയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകചോർച്ച; പ്രദേശത്തു നിന്നും ആളുകളെ മാറ്റുന്നു

കണ്ണൂർ: ചാലയിൽ പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. വാതക ചോർച്ചയുള്ളതിനാൽ പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.

മംഗലാപുരത്തു നിന്നും വാതകവുമായി കൊച്ചിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. ടാങ്കറിന്റെ മൂന്നിടങ്ങളിൽ ചോർച്ചയുണ്ടെന്നാണ് വിവരം.

പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര സാഹചര്യം ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. വിദഗ്ധരെത്തി ചോർച്ച മാറ്റുമെന്നും അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമീക നിഗമനമെന്നും അദ്ദേഹം അറിയിച്ചു.