ന്യൂഡെൽഹി: രാജ്യതലസ്ഥാനം നേരിടുന്ന ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ നിർണായക ഇടപെടലുമായി ഡിആർഡിഒ. ഒരോ മിനിറ്റിലും 1000 ലിറ്റർ ഓക്‌സിജൻ വീതം ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന രണ്ട് ഓക്‌സിജൻ പ്ലാന്റുകൾ നിർമ്മിച്ചാണ് ഡിആർഡിഒ മാതൃകയായത്. എയിംസിലും സഫ്ദർജംഗ് ആശുപത്രിയിലുമാണ് രണ്ട് പ്ലാന്റുകൾ പ്രവർത്തനസജ്ജമായിരിക്കുന്നത്.
രണ്ട് ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചതോടെ പ്രതിദിനം 195 രോഗികൾക്ക് ഓക്‌സിജൻ നൽകാൻ സാധിക്കും. പ്രതിദിനം 195 സിലിണ്ടറുകൾ 150 തവണ നിറക്കാൻ സാധിക്കുമെന്നതാണ് ഈ പ്ലാന്റുകളുടെ മറ്റൊരു സവിശേഷത. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ഡെൽഹിയിലെ ആശുപത്രിയിൽ ഓക്‌സിജന്റെ ആവശ്യം വലിയ തോതിൽ വർധിച്ചിരുന്നു.
ഐസിയു കിടക്കകളുടെ അപര്യാപ്തതയും ഓക്‌സിജൻ ലഭ്യതയുമായിരുന്നു കഴിഞ്ഞ മൂന്ന് ആഴ്ചയായി ഡെൽഹി നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി. ഇതോടെ ഡെൽഹി സർക്കാർ കേന്ദ്രസർക്കാരിനോട് സഹായം ആവശ്യപ്പെട്ടു. പ്രതിസന്ധി നേരിടാൻ സായുധ സേനയെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഡെൽഹിയിലെ ആശുപത്രികൾ നേരിടുന്ന വെല്ലുവിളി മനസിലാക്കിയ ഡിആർഡിഒ നഗരത്തിൽ പ്രത്യേക കൊറോണ ആശുപത്രികൾ സജ്ജീകരിച്ചു. ഡെൽഹിയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജന്റെ ലഭ്യതക്കുറവ് അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും ഡിആർഡിഒ ദൗത്യം ഏറ്റെടുത്ത് രംഗത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ 500 ഓക്‌സിജൻ പ്ലാന്റുകൾ നിർമ്മിക്കുകയാണ് ഡിആർഡിഒയുടെ ലക്ഷ്യം.