ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. ഡെല്‍ഹിയില്‍ വിതരണം നടത്തണമെന്നാവശ്യപ്പെട്ട ഓക്‌സിജന്‍ ഇനിയും നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തിനെതിരെ നിശിത വിമര്‍ശനം നടത്തിയത്.
‘ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കാന്‍ നിങ്ങള്‍ക്കാവും, പക്ഷേ ഞങ്ങള്‍ക്കതിന് കഴിയില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ താമസം?’ കോടതി ചോദിച്ചു. 490 മെട്രിക്ക് ടണ്‍ അല്ല, 700 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്നും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.
ഡെല്‍ഹിക്ക് അനുവദിക്കപ്പെട്ട മുഴുവന്‍ ഓക്‌സിജനും അടിയന്തരമായി വിതരണം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കോടതി വീണ്ടും രൂക്ഷമായ ഭാഷയില്‍ കേന്ദ്രത്തെ വിമര്‍ശിച്ചത്.
കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ഡോക്ടറടക്കം എട്ട് രോഗികള്‍ മരിക്കാന്‍ ഇടയായ കേസിലും കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിരുന്നു. തലയ്ക്ക മുകളില്‍ വെള്ളം എത്തിയിട്ടും നിങ്ങള്‍ ഇതിന് നേരെ കണ്ണടയ്ക്കുക ആണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.