വ്യാജ റെംഡെസിവിർ നിർമ്മാണ കേന്ദ്രം പൂട്ടിച്ചു ‌; രണ്ടാഴ്ച കുത്തിവയ്പിലൂടെ തട്ടിയത് 90 ലക്ഷത്തിലധികം രൂപ

അഹമ്മദാബാദ്: റെംഡെസിവിർ മരുന്ന് വ്യാജമായി നിർമ്മിച്ച കേന്ദ്രത്തിൽ റെയ്‌ഡ്‌ നടത്തി പൂട്ടിച്ച്‌ ഗുജറാത്ത് പൊലീസ്. വ്യാജ നിർമ്മാണ കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഏഴോളം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊറോണ ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നാണ് റെംഡെസിവിർ.

വ്യാജ റെംഡെസിവിർ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നിർമ്മാണകേന്ദ്രത്തിൽ റെയ്‌ഡ്‌ നടത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോർബി നിവാസികളായ രാഹുൽ കോട്ടെയയെയും രവിരാജ് ഹിരാനിയെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ 41 വ്യാജ ഇഞ്ചക്ഷനുകളും 2.15 ലക്ഷം രൂപയും പ്രതികളുടെ കൈവശം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ശൂന്യമായ 60,000 മരുന്ന് കുപ്പികളും 30,000 വ്യാജ സ്റ്റിക്കറുകളും വ്യാജകേന്ദ്രത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് വ്യാജ മരുന്ന് കുത്തിവെച്ച് 90 ലക്ഷത്തിലധികം രൂപ പ്രതികൾ സമ്പാദിച്ചതായും പൊലീസ് അറിയിച്ചു.

അഹമ്മദാബാദിൽ താമസിക്കുന്ന വ്യക്തികളുടെ നിർദ്ദേശനാനുസരണമാണ് തങ്ങൾ വ്യാജ മരുന്ന് നിർമ്മാണത്തിലേക്കിറങ്ങിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തുടർന്ന് മുഹമ്മദ് ആഷിം എന്ന ആഷിഫ്, റാമിസ് കദ്രി എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരിൽ നിന്നുമായി 1,170 ഇഞ്ചക്ഷനുകളും 17.37 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.