ന്യൂഡെല്‍ഹി: കൊറോണയുടെ ബ്രിട്ടീഷ്, ബ്രസീലിയന്‍, ഇന്ത്യന്‍ വകഭേദങ്ങള്‍ക്കെതിരെയും ഭാരത് ബയോടെക്കിന്റെ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പുതിയ പഠനത്തിലാണ് ഒന്നിലധികം വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ കണ്ടെത്തിയ ബ്രസീലിയന്‍ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ മികച്ച പ്രതിരോധം തീര്‍ക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബ്രിട്ടീഷ് ഇന്ത്യന്‍ കൊറോണ വകഭേദങ്ങള്‍ക്കെതിരെയും കൊവാക്‌സിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തിയത്. കൊറോണയ്‌ക്കെതിരെ ഏറ്റവും മികച്ച പ്രതിരോധമാണ് കൊവാക്‌സിന്‍ നല്‍കുന്നതെന്ന് മുന്‍പും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പഠനം തങ്ങള്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നതായി വാക്‌സിന്‍ സയന്റിഫിക് അഡൈ്വസറി ബോര്‍ഡ് ഓഫ് ഒക്കുജെന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സതീഷ് ചന്ദ്രന്‍ പറഞ്ഞു. മറ്റ് വകഭേദങ്ങള്‍ക്കെതിരെയും മികച്ച പ്രതിരോധം തീര്‍ക്കുമെന്നതും, അവ രക്ഷപെടാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പഠനങ്ങളിലും കൊവാക്‌സിന്‍ മികച്ച ഫലമാണ് കാണിക്കുന്നത്. മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ ഇതിന്റെ ഫലപ്രാപ്തി 78 ശതമാനമാണെന്നാണ് കാണിച്ചത്.