സിപിഎമ്മും കോൺഗ്രസും തമ്മിൽ വോട്ടു ശതമാനത്തിൽ നേരിയ വ്യത്യാസം മാത്രം; ബിജെപി വോട്ട് ആർക്കു പോയി ?; വോട്ട് ശതമാനത്തിൽ വൻ ചോർച്ച

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം സിപിഎം 25.38 ശതമാനം വോട്ടാണ് നേടിയത്. വൻ തിരിച്ചടി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് 25.12 ശതമാനം വോട്ടാണ് കിട്ടിയത്. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ടു വ്യത്യാസം വെറും .26 ശതമാനം. സിപിഐ യുടേത് 7.58 ശതമാനം. കേരള കോണ്‍ഗ്രസ് എമ്മിന്റേത് 3.28 ശതമാനം.

മുസ്ലിം ലീഗ് 8.27 വോട്ടാണ് നേടിയത്. ആകെയുള്ള ഒരു സീറ്റും നഷ്ടമായ ബിജെപി സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ വന്‍ ഇടിവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ജയിച്ച പതിനഞ്ചു ശതമാനത്തില്‍നിന്ന് എന്‍ഡിഎ വോട്ടു വിഹിതം 12.4 ശതമാനമായി താഴ്ന്നതായാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ചു ശതമാനം വോട്ടു നേടിയ എന്‍ഡിഎ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് ഒരു ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ ജയവും കൂടുതല്‍ ഇടത്ത് രണ്ടാം സ്ഥാനവും പ്രതീക്ഷിച്ച് മത്സരിച്ച എന്‍ഡിഎ വലിയ തിരിച്ചടിയാണ് നേരിട്ടത്. കൈയിലുണ്ടായിരുന്ന നേമം മണ്ഡലം നഷ്ടപ്പെട്ടപ്പോല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നു കൂടുതലായി രണ്ടാം സ്ഥാനത്ത് എത്താനായത് ഒരു മണ്ഡലത്തില്‍ മാത്രമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രമായി 10.6 ശതമാനം വോട്ടാണ് ലഭിച്ചത്. സഖ്യകക്ഷിയായ ബിഡിജെഎസ് നാലു ശതമാനം വോട്ടു നേടി. ഇക്കുറി ബിജെപിക്കു മാത്രമുള്ള വോട്ടു വിഹിതം തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്കു പ്രകാരം 11.3 ശതമാനമാണ്. സഖ്യകക്ഷികളുടെ വോട്ടില്‍ വലിയ ഇടിവാണ് ഉണ്ടായത്. ഇതാണ് ആകെ വോട്ടു വിഹിതത്തില്‍ 2.6 ശതമാനത്തിന്റെ ചോര്‍ച്ചയുണ്ടാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു വിഹതത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ കുറവാണ് ബിജെപി സഖ്യത്തിനുണ്ടായിട്ടുള്ളത്