തിരുവനന്തപുരം: തുടർ ഭരണം നേടി ഇടതു മുന്നണി അധികാരം നിലനിര്‍ത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്ന ചര്‍ച്ചകള്‍ക്കു ചൂടുപിടിച്ചു. മുഴുവന്‍ മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്ന് അറിയുന്നു.
ആദ്യം മുഖ്യമന്ത്രിയും ഏതാനും സീനിയര്‍ മന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യുമെന്നും പിന്നീട് മന്ത്രിസഭ വികസിപ്പിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടതു മുന്നണി വൃത്തങ്ങള്‍ ഇതു നിഷേധിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാവും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവും കെഎന്‍ ബാലഗോപാലും മന്ത്രിമാരാവുമെന്നും ഉറപ്പ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടു വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെകെ ശൈലജയും ജെ മേഴ്‌സിക്കുട്ടിയമ്മയും. ഇടതു തരംഗം വീശിയടിച്ച തെരഞ്ഞെടുപ്പില്‍ മെഴ്‌സിക്കുട്ടിയമ്മ അപ്രതീക്ഷിത പരാജയം നേരിട്ടപ്പോള്‍ രണ്ടാം വനിതാ മന്ത്രിയാര് എന്നതില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ആറന്മുളയില്‍നിന്നു രണ്ടാമതും ജയിച്ചുകയറിയ വീണാജോര്‍ജിനാണ് സാധ്യത കൂടുതല്‍. ഇരിങ്ങാലക്കുടയില്‍ ജയിച്ച ആര്‍ ബിന്ദുവും പരിഗണനാപട്ടികയില്‍ ഇടംപിടിക്കും.
ചേലക്കരയില്‍നിന്നു സഭയില്‍ എത്തിയ കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും കുന്നംകുളത്തുന്നു ജയിച്ചെത്തിയ സംസ്ഥാന സമിതി അംഗം എസി മൊയ്തീനും മന്ത്രിമാരാവുന്ന പക്ഷം ബിന്ദു പരിഗണിക്കപ്പെട്ടേക്കില്ല. തൃശൂര്‍ ജില്ലയില്‍നിന്നു മൂന്നു മന്ത്രിമാര്‍ എന്നത് മേഖലാ പ്രാതിനിധ്യത്തിനു തടസ്സമാവും. അതുകൊണ്ടുതന്നെ രണ്ടാം വനിതാ മന്ത്രി വീണാ ജോര്‍ജ് തന്നെയായിരിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്.
കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തിരുവനന്തപുരത്ത് എത്തിയതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി.
തെരഞ്ഞെടുപ്പിലെ വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് ഇലക്ഷന്‍ കമ്മിഷനാണ്. ഇത് നാളെയുണ്ടാവും. അതിനു ശേഷം പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. ഇതു ഗവര്‍ണറെ അറിയിച്ചതിനു ശേഷമാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക.