തിരുവനന്തപുരം: ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. നാളെ മുതൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും. കല്ല്യാണത്തിന് പരമാവധി 50 പേരെയും മരണ ചടങ്ങുകൾക്ക് 20 പേരെയും മാത്രം അനുവദിക്കും.
ആരാധനാലയങ്ങളിൽ പരമാവധി 50 പേരെ പ്രവേശിപ്പിക്കാം. സിനിമ സീരിയിൽ ചിത്രീകരണം അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിയന്ത്രണ ഉത്തരവിൽ നിർദ്ദശിക്കുന്നു. വാക്സീൻ ക്ഷാമം മൂലം 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നാളെ മുതൽ പ്രഖ്യാപിച്ചരുന്ന വാക്സിനേഷൻ സംസ്ഥാനത്തുണ്ടാകില്ല.
സംസ്ഥാനത്ത് കൊറോണ വ്യാപനം കൂടുതലുള്ള ജില്ലകളിൽ ലോക്ഡൗൺ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഇന്ന് അറിയിച്ചത്. ചെവ്വാഴ്ച മുതൽ സംസ്ഥാനത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവ്വീസിന് മാത്രമായി പരിമിതപ്പെടുത്തും. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും.
ഹോട്ടൽ, റസ്റ്റോറൻറുകളിൽ നിന്ന് പാഴ്സൽ മാത്രം നൽകും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. പൊതുഗതാഗതത്തിന് തടസ്സമില്ല. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളു. കുടംബമാണെങ്കിൽ രണ്ടുപേരാകാം. പക്ഷെ ഇരട്ട മാസ്ക് വേണം. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം പ്രവർത്തിക്കും. ആൾക്കൂട്ടം അനുവദിക്കില്ല