തിരുവനന്തപുരം: കടുത്ത പോരാട്ടം നടന്ന മൂന്നു മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എൽ ഡി എഫ്. പാലക്കാട്ട് ആദ്യം മുതലേ മത്സരം ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു. കഴിഞ്ഞ തവണ എൻ.എൻ. കൃഷ്ണദാസ് മത്സരിച്ച് മൂന്നാമതായിടത്ത് സി.പി. പ്രമോദ് എന്ന പുതുമുഖത്തിന് വോട്ടുചോർച്ച തടയാനാകുമോ എന്ന ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്തായതിനൊപ്പം 2,242 വോട്ട് പിന്നെയും എൽ.ഡി.എഫിന് ഇത്തവണ കുറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ മൂന്നു തിരഞ്ഞെടുപ്പായി നേർക്കുനേർ പോരാട്ടമാണ് മഞ്ചേശ്വരത്തും കാസർകോട്ടും. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. വി.വി. രമേശൻ നിന്നിട്ടും മഞ്ചേശ്വരത്ത് 2,500-ഓളം വോട്ട് ഇത്തവണയും കുറഞ്ഞു.
കാസർകോട്ട് പക്ഷേ 6,708 വോട്ട് വർധിപ്പിക്കാൻ ഇടതിന് കഴിഞ്ഞു. 2016-ൽ മൂന്നാമതായ വട്ടിയൂർക്കാവിൽ സിപിഎം 2019-ൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുകയറി. ഇത്തവണ അവർ ഭൂരിപക്ഷം 20,000 കടത്തിയപ്പോൾ യുഡിഎഫ് മൂന്നാമതായി തകർന്നു.