ഭോപാൽ: മധ്യപ്രദേശിലെ ജില്ല ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ തുടർന്ന് നാലു കൊറോണ രോഗികൾക്ക് ദാരുണാന്ത്യം. ഭർവാനിയിലെ ജില്ല ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ലഭ്യമാകാത്തതിനെ തുടർന്നാണ് രോഗിയുടെ ജീവൻ നഷ്ടമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ശനിയാഴ്ച രാത്രി ഓക്സിജൻ വിതരണം തടസപ്പെട്ടതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഓക്സിജൻ ലഭിക്കാതെ ഒരു രോഗി മാത്രമാണ് മരിച്ചതെന്നായിരുന്നു വിശദീകരണം. മറ്റു മൂന്നുപേരും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
ഓക്സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് ശ്വസമെടുക്കാൻ കഷ്ടപ്പെടുന്ന രോഗികളെ ബന്ധുക്കൾ സഹായിക്കുന്ന വിഡിയോകൾ ദേശീയമാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. അരമണിക്കൂറിലധികം രോഗികൾക്ക് ഓക്സിജൻ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതർ കള്ളംപറയുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.
‘എൻറെ കുഞ്ഞിന് രാവിലെ ഓക്സിജൻ ലെവൽ 94 ആയിരുന്നു. പെട്ടന്ന് ഓക്സിജൻ നിലച്ചു, ഇതോടെ പരിഭ്രാന്തിയിലായി. എൻറെ കുട്ടി കഷ്ടപെടുകയായിരുന്നു. ഒരു ഡോക്ടർപോലും ഞങ്ങളെ തിരിഞ്ഞുനോക്കാനുണ്ടായില്ല’ -മരിച്ചയാളുടെ ബന്ധു പറഞ്ഞു.
ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് രോഗികൾ മരിച്ച സംഭവത്തിൽ പരാതി ലഭിച്ചതായി ഭർവാനി അഡീഷനൽ കലക്ടർ ലോകേഷ് കുമാർ ജാങ്കിഡ് പറഞ്ഞു. മധ്യപ്രദേശിൽ 12,379 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 102 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 5728 ആയി ഉയർന്നു.