ബംഗാൾ തൂത്തുവാരാൻ തൃണമൂൽ; 200ലധികം മണ്ഡലങ്ങളിൽ തൃണമൂൽ മുന്നിൽ

കൊൽക്കത്ത: തുടർച്ചയായി രണ്ട് തവണ ബംഗാൾ ഭരിച്ച തൃണമൂലിന് പ്രതീക്ഷ നൽകിക്കൊണ്ടുള്ള ഫലങ്ങളാണ് സംസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. ബിജെപി കൂടുതൽ കരുത്തോടെ ബംഗാളിൽ അധികാരം പിടിക്കാൻ ശ്രമം നടത്തിയതോടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കരുത്തുറ്റ പോരാട്ടത്തിനാണ് ഇത്തവണ മമത സാക്ഷിയായത്. എന്നാൽ തൃണമൂലിന്റെ പ്രതീക്ഷയ്ക്കൊപ്പം നിൽക്കുന്ന ഫലങ്ങളാണ് സംസ്ഥാനത്ത് നിന്ന് പുറത്തുവരുന്നത്. 200ലധികം സീറ്റുകളിൽ തൃണമൂൽ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.

ബിജെപി 80ലധികം സീറ്റുകളിലും ഇടതുപക്ഷം ഒരു സീറ്റിലും മറ്റ് പാർട്ടികൾ രണ്ട് സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. ബംഗാളിൽ മൂന്നാംതവണയും തൃണമൂൽ അധികാരത്തിലെത്തുമെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഞാൻ അത് പരസ്യമായി പറഞ്ഞിട്ടുണ്ട്. 200 ആണെങ്കിലും 190 ആണെങ്കിലും. ബിജെപി ചെയ്യാൻ ശ്രമിച്ചത് ബംഗാളിൽ അവർ വിജയിക്കുന്നുവെന്ന ഒരു വലിയ പ്രചരണം നടത്തുക മാത്രമായിരുന്നുവെന്നും തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോർ ചൂണ്ടിക്കാണിക്കുന്നു.

ബിജെപി ശക്തമാണ്, അവരും പ്രകടനം തുടരും. പലരും പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ തൃണമൂൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. അതേ സമയം തിരഞ്ഞെടുപ്പ് ബിജെപിയുടെ മറ്റൊരു പതിപ്പായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പശ്ചിമബംഗാളിൽ ബിജെപി നൂറിലധികം സീറ്റുകൾക്ക് വിജയിച്ചാൽ താൻ ജോലി ഉപേക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ശപഥമെടുത്തിരുന്നു. അതേ സമയം ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ താഴെയിറക്കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. 2019 ലെ ദേശീയ തിരഞ്ഞെടുപ്പിന് ശേഷമാണ് പശ്ചിമബംഗാളിൽ ബിജെപി നേട്ടമുണ്ടാക്കാൻ തുടങ്ങിയത്. ആദ്യം പിന്നിലേക്ക് പോയെങ്കിലും മമതാ ബാനർജി മുന്നിലേക്ക് എത്തിയിട്ടുണ്ട്. 8000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ് മമത.