തപാൽ വോട്ടുകൾ എണ്ണി തുടങ്ങി; അര മണിക്കൂറിനകം വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും; വിജയപ്രതീക്ഷ പങ്കുവെച്ച് സ്ഥാനാർഥികൾ

കൊച്ചി: തപാൽ വോട്ടുകൾ എണ്ണി തുടങ്ങി. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചു. എട്ടരക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും

7 മേശകളുള്ള 3 ഹാളുകളിലാണു മിക്കയിടത്തും യന്ത്രങ്ങളിലെ വോട്ട് എണ്ണുന്നത്. തപാൽ വോട്ട് 5 – 8 മേശകളുള്ള മറ്റൊരു ഹാളിലും എണ്ണും. 16 റൗണ്ടിൽ മെഷീനും 2 റൗണ്ടിൽ തപാൽവോട്ടും എണ്ണിത്തീർക്കും. ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ലീഡ് നില തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ എന്ന സോഫ്റ്റ്‌വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും. കഴിഞ്ഞതവണ ട്രെൻഡ് എന്ന സോഫ്റ്റ്‌വെയറായിരുന്നെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വെയർ വഴി വിവരം നൽകുമെന്നാണ് കമ്മിഷന്റെ വിശദീകരണം. ഭൂരിപക്ഷം കുറയുന്ന മണ്ഡലങ്ങളിൽ തപാൽ വോട്ടുകൾ നിർണ്ണായകമാകും. ഇവിടെ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മണ്ഡലങ്ങളിലെ ഫലം വൈകാനിടയുണ്ട്. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിൽ ഉച്ചയോടെ അന്തിമഫലം വരും.

കോഴിക്കോട് കൗണ്ടിങ്ങ് സെന്ററിൽ മൂന്ന് ഏജന്റുമാര്‍ക്ക് കൊറോണ

കോഴിക്കോട് സൗത്ത് കൗണ്ടിങ്ങ് സെന്ററിൽ കൗണ്ടിങ്ങ് ചുമതലക്കെത്തിയ മൂന്ന് ഏജന്റുമാർക്ക് കൊറോണ കൗണ്ടിങ്ങ് സെന്ററിൽ ഒരുക്കിയ പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ മാറ്റി പകരക്കാരെ നിയോഗിച്ചു.

വിജയ പ്രതീക്ഷ പങ്ക് വച്ച്

വയനാട്ടില്‍ യുഡിഎഫ് തന്നെയെന്ന് ടി സിദ്ദീഖ്

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ടി സിദ്ദീഖ്. കൽപ്പറ്റയിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സിദ്ദീഖ്.

കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തുടർഭരണമെന്ന് എ. വിജയരാഘവന്‍

ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്ന് എ. വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തുടർഭരണമുണ്ടാകും. എല്‍.ഡിഎഫിനെ അട്ടിമറിക്കാൻ പല ഹീനപ്രവർത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ശുഭപ്രതീക്ഷയെന്ന് നൂര്‍ബിന റഷീദ്

കോഴിക്കോട് സൗത്തില്‍ ശുഭപ്രതീക്ഷയെന്ന് മുസ്‍ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി. അഡ്വ. നൂര്‍ബിന റഷീദ്.

പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി

പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഉമ്മന്‍ചാണ്ടി, മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

വിജയ പ്രതീക്ഷയെന്ന് ഡോ. എസ്.എസ് ലാല്‍

തികഞ്ഞ വിജയ പ്രതീക്ഷയെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാൽ. സംസ്ഥാനത്ത് നിശബ്ദ യു.ഡി.എഫ് തരംഗമാണുള്ളത്. ജയമായാലും തോൽവിയായാലും രാഷ്ട്രീയത്തിൽ തുടരുമെന്നും ഡോ. ലാല്‍.

അതേസമയം സർവേകളിലല്ല ജനങ്ങളിലാണ് വിശ്വാസമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്‍ണുനാഥ്. കുണ്ടറയിൽ യു.ഡി.എഫ് വിജയം ഉണ്ടാകുമെന്നും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ വിഷ്‍ണുനാഥ് പറഞ്ഞു.

ക്ഷേത്ര ദര്‍ശനം നടത്തി ചെന്നിത്തല

രമേശ് ചെന്നിത്തല ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

കഴക്കൂട്ടത്ത് വിജയം കൂടുതൽ സുഗമമെന്ന് കടകംപള്ളി സുരേന്ദ്രൻ

കഴക്കൂട്ടത്ത് ഇടത് മുന്നണിയ്ക്ക് നല്ല വിജയം നേടാനാവുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്തെന്നും അദ്ദേഹം പറഞ്ഞു.