ന്യൂഡെൽഹി: വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകളാക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ലാന്റുകൾ കണ്ടെത്തി യെന്നും ഇതിൽ ചില പ്ലാന്റുകൾ അടുത്തുള്ള ആശുപത്രിക്കടുത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നും ബോർഡ് അറിയിച്ചു. ബാക്കിയുള്ളവ അതേ സ്ഥലത്തുതന്നെ ഓക്സിജൻ ഉത്പാദനത്തിനായി ഉപയോഗിക്കും.
ഓക്സിജൻ നിർമാണം നടത്താൻ കഴിയുന്ന നൈട്രജൻ പ്ലാന്റുകളെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെയാണ് ഡാറ്റാ ബേസിൽ നിന്ന് മുപ്പത് പ്ലാന്റുകൾ കണ്ടെത്തിയിരിക്കുന്നത്.
ഡെൽഹിയിൽ ഇത്തരം നടപടികൾക്ക് നിർദേശം വന്നിട്ടില്ലെന്നും വന്നാലുടൻ നടപടികൾ സ്വീകരിക്കുമെന്നും ഡെൽഹി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അതേസമയം ഗുജറാത്തിൽ വാപി, സൂറത്ത്, അങ്കലേഷ്വർ എന്നിവിടങ്ങളിൽ മൂന്നോളം പ്ലാന്റുകളിൽ ഓക്സിജൻ നിർമാണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.