നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് കാലിടറി; സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത് 1622 വോട്ടുകൾക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ പരാജയം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ വിജയിച്ചത്. മമത 1200 വോട്ടുകള്‍ക്ക് നന്ദിഗ്രാമില്‍ വിജയിച്ചതായി ആദ്യം വാര്‍ത്താ ഏജന്‍സികളടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പിന്നീടാണ് മമത പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും മമത സുവേന്ദുവിനെക്കാള്‍ പിന്നിലായിരുന്നു. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നുവെന്ന് മമത പ്രതികരിച്ചു.

മമത തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം ഉറപ്പിച്ചുകഴിഞ്ഞു. 294ൽ 212 ഇടത്തും തൃണമൂൽ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാർട്ടികൾ ലീഡ് ചെയ്യുന്നുണ്ട്.