തിരുവനന്തപുരം: എൽഡിഎഫ് വൻ വിജയവുമായി മുമ്പോട്ട് പോകുമ്പോൾ യുഡിഎഫിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള സ്ഥാനങ്ങളിൽ വരാനിരിക്കുന്നത് മാറ്റങ്ങൾ.
നിലവിലെ സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരേ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് വിജയിക്കാനായില്ല എന്ന് സൂചിപ്പിക്കുന്നതാണ് നിലവിലെ ഫലങ്ങൾ. സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന അനേകം കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ രമേശിന് കഴിഞ്ഞിരുന്നെങ്കിലും അത് നേട്ടമാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.
വൻ തോൽവി ഏറ്റുവാങ്ങിയ സ്ഥിതിയിൽ സീനിയർ നേതാക്കൾ തോൽവിയുടെ ഭാരമേറ്റെടുത്ത് പിന്നിലേക്ക് മാറിയാൽ നേതൃത്വം വി.ഡി. സതീശൻ അടക്കമുള്ള യുവത ഏറ്റെടുത്തേക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം ഒഴിയാൻ സാഹചര്യം ഉണ്ടായാൽ വി.ഡി. സതീശനെയാകും യുഡിഎഫ് പരിഗണിക്കുക.
2016 ൽ വൻ തോൽവി ഏറ്റുവാങ്ങിയപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി അതേറ്റെടുത്തായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം രാജി വെച്ചത്. സമാന രീതിയിൽ വലിയൊരു തിരിച്ചടിയുടെ ബാദ്ധ്യതയുടെ പാപഭാരം ഇത്തവണ രമേശ് ചെന്നിത്തലയ്ക്കും നേരിടേണ്ടി വരും.
സ്വന്തം മണ്ഡലം വരുന്ന ജില്ലയിൽ പോലും രമേശിന് സ്വാധീനം ഉണ്ടാക്കാനായില്ല എന്നത് ചർച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയിൽ രമേശ് മത്സരിച്ച ഹരിപ്പാട് 10,000 വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണെന്നത് ഒഴിച്ചാൽ ബാക്കിയുള്ള മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുകയായിരുന്നു. സ്വന്തം ജില്ലയിൽ പോലും സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് രമേശിന് തിരിച്ചടിയാകും.