രാജ്യത്തെ ഉള്ളികൃഷി 10,000 ഹെക്ടറിലേക്ക് ഉയർത്താൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഉള്ളിയുടെ മെച്ചപ്പെട്ട ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിനുമായി വരുന്ന മഴക്കാലേത്തക്കുള്ള ഉള്ളി കൃഷി 10,000 ഹെക്ടറിലേക്ക് വർദ്ധിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. പാരമ്പരാഗതമായി ഉള്ളികൃഷി ചെയ്തുവരാത്ത പ്രദേശങ്ങളിൽ വൻതോതിൽ കൃഷി വ്യാപിപ്പിക്കാൻ 2,000 ടൺ ഉള്ളി വിത്ത് ആവശ്യമാണെന്നാണ് മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ഇനി രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ വിത്ത് വിതരണം ആരംഭിക്കും. വിള കുറയുന്ന കാലയളവിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുക, വില നിലനിർത്തുക എന്നിവയാണ് കൃഷിഭൂമി വർദ്ധിപ്പിക്കുന്നത് വഴി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്ര കാർഷിക കർഷകക്ഷേമ മന്ത്രാലയം ദേശീയ കാർഷിക സമ്മേളനത്തിൽ (ഖാരിഫ് കാമ്പെയ്ൻ 2021) ഇക്കാര്യം വ്യക്തമാക്കി.

മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഒരേക്കർ വീതം കൃഷി വർദ്ധിപ്പിക്കാനും കൃഷി മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇക്കഴിഞ്ഞ ഓക്ടോബറിൽ ഉള്ളിയുടെ ചില്ലറ വിൽപ്പന കിലോയ്ക്ക് 100 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് ഉള്ളിവില നിയന്ത്രിക്കാൻ കയറ്റുമതി നിരോധിക്കുക, ഇറക്കുമതിയ്ക്ക് നികുതിയിളവ് നൽകുക, ശേഖരണത്തിന് പരിധി ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു.