കോതമംഗലം: കൊറോണ ബാധിച്ച് അത്യാസന്നനിലയിലായ രോഗി യഥാസമയം ഓക്സിജൻ കിട്ടാതെ മരിച്ചു. മൂന്നു മണിക്കൂറോളം ആശുപത്രികളുടെ മുന്‍പില്‍ അലഞ്ഞ് യഥാസമയം ചികിത്സയും ഓക്‌സിജനും കിട്ടാതെ ഒടുവില്‍ രോഗി മരിച്ചതായാണ് പരാതി. തൃക്കാരിയൂര്‍ ഹൈക്കോര്‍ട്ട് കവല പുളിയ്ക്കല്‍ സുരേന്ദ്രന്‍(65)ആണ് ശനിയാഴ്ച രാവിലെ ഏഴോടെ മരിച്ചത്.
കൊറോണ സ്ഥിരീകരിച്ച് വീട്ടില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് പുലര്‍ച്ചെ 2.30 ഓടെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറും ബിജെപി ജില്ലാ കമ്മറ്റി അംഗവുമായ ശോഭ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോതമംഗലത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി.യിലും എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലായെന്ന മറുപടിയാണ് ലഭിച്ചത്.
ഒടുവില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യം രോഗിയെ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കിയില്ല.സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറായത്.ഏറെ താമസിയാതെ രോഗി മരിച്ചു.രോഗിയുമായി മെമ്പറുടെ സാന്നിധ്യത്തില്‍ സേവാഭാരതി വൊളന്റിയാര്‍മാരും കൊറോണ കണ്‍ട്രോള്‍ റൂമായും ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് മറുപടി ലഭിച്ചതെന്നാണ് പരാതി ഉയരുന്നത്.
ഇതിനിടെ ഒരു മണിക്കൂറോളം രോഗിയുമായി വാഹനത്തില്‍ റോഡില്‍ കാത്തിരിപ്പ് നടത്തേണ്ടതായി വന്നതായും ശോഭ രാധാകൃഷ്ണന്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.