കൊച്ചി: കടലിലെ ബോട്ടപകടത്തില്‍ കാണാതായ 11 മത്സ്യതൊഴിലാളികളും സ്വദേശത്ത് തിരിച്ചെത്തി. ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്നലെ ഉച്ചയോടെയാണ് തൊഴിലാളികള്‍ തമിഴ്‌നാട് തേങ്ങാപട്ടണത്ത് എത്തിച്ചേര്‍ന്നത്. കന്യാകുമാരി വളവില സ്വദേശികളായ ബോട്ടുടമ ജോസഫ് ഫ്രാങ്ക്‌ളിന്‍, ജോണ്‍ ലിബ്രത്തോസ്സ്, സുരേഷ് പീറ്റര്‍, ജെനീഷ് ജോസഫ് ,വിജിഷ് ലൂയീസ്, ജെനിസ്‌റോണ്‍ ലിബ്രത്തോസ്, സെട്രിക്ക് രാജു, ഫ്രെഡി സിലുവായ്, ജഗന്‍ ജിറോം, യേശുദാസന്‍ വെക്കം, മാര്‍ബിന്‍ മുത്തപ്പന്‍ എന്നിവരാണ് രക്ഷപെട്ട് നാട്ടില്‍ തിരികെയെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച സ്രാങ്ക് ഫ്രാങ്ക്‌ളിന്‍ കൊച്ചിയിലെ ഏജന്റായ നിയാസുമായും ഗില്‍നെറ്റ് ആന്‍ഡ് ലോങ് ലയിങ് ബയിങ് ഏജന്റ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നു. കടലില്‍ കപ്പലിടിച്ചാണ് ബോട്ട് തകര്‍ന്നതെന്നും കപ്പല്‍ നിര്‍ത്താതെ കടന്നതായും മടങ്ങിയെത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കൊച്ചി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെര്‍സിഡസ് എന്ന മത്സ്യബന്ധനബോട്ട് ഏപ്രില്‍ 9 നാണ് കന്യാകുമാരിയില്‍ നിന്ന് കടലിലേയ്ക്ക് തിരിച്ചത്.
23ന് രാത്രി ഒരു മണിയോടെ ഗോവ കാര്‍വാറിന് പടിഞ്ഞാറ് ഒമാനിന് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ 24ന് ഉച്ചയ്ക്ക് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ ഒഴുകി നടന്നത് കണ്ടതാണ് അപകടവിവരം നാട്ടിലറിയുന്നത്. തുടര്‍ന്ന് നാവികസേന കോസ്റ്റ് ഗാര്‍ഡ്, ഗോവ കോസ്റ്റല്‍ പോലിസ്, എന്നിവര്‍ മത്സ്യത്തൈാഴിലാളികള്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് തൊഴിലാളികളുടെ ഫോണ്‍ സന്ദേശമെത്തുന്നത്.
കപ്പലിടിച്ചതിനെ തുടര്‍ന്ന് താന്‍ കടലിലേക്ക് തെറിച്ച് പോയതായി ഫ്രാങ്ക്‌ളിന്‍ പറഞ്ഞു. നീന്തി ബോട്ടിലെത്തിയപ്പോള്‍ ബോട്ട് ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. പിന്നീട് മറ്റുള്ളവരെയും കണ്ടെത്തുകയായിരുന്നു-ഫ്രാങ്ക്‌ളിന്‍ പറഞ്ഞു. തേങ്ങാപട്ടണത്ത് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് വള്ളവിള പാരിഷ് കമ്മിറ്റിയും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി.