തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് ഉയര്‍ന്നു തന്നെ. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആര്‍ടിപിസിആര്‍ നടത്തുന്നതില്‍ കൂടുതല്‍ തുക ഈടാക്കുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിറക്കിയത്.
ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഉത്തരവ് ഇറക്കാതെ നിരക്ക് കുറയ്ക്കില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ നിലപാട്. ഇത് പ്രതിഷേധത്തിലേക്ക് നീങ്ങിയതോടെ ചില സ്വകാര്യ ലാബുകള്‍ പരിശോധന നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
എന്നാല്‍ പരിശോധന പുനരാരംഭിക്കുകയും സംസ്ഥാനം ഉത്തരവിറക്കുകയും ചെയ്തിട്ടും പല ലാബുകളും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1700 രൂപ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
ഉത്തരവിറങ്ങിയെങ്കിലും 500 രൂപ പരിശോധനാ നിരക്ക് എന്നത് അംഗീകരിക്കാനാവില്ലെന്നാണ് ലാബ് ഉടമകളുടെ നിലപാട്. പരിശോധനയ്ക്ക് 500 രൂപ പര്യാപ്തമല്ലെന്നാണ് ഇവരുടെ വാദം. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊറോണ പരിശോധനകളും നടത്തുന്നത്.