ന്യൂഡെൽഹി: കൊറോണയ്ക്കെതിരെ പോരാടാൻ രാജ്യവാപക നയം രൂപപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കേന്ദ്രം ചർച്ച നടത്തണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉറക്കമുണർന്ന് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പ്രതിസന്ധി അവസാനിക്കുന്നതുവരെ കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ കുറഞ്ഞത്, 6,000 രൂപ നൽകണമെന്ന് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിൻ നൽകണമെന്ന് സോണിയ ആവശ്യപ്പെട്ടു.
‘രാജ്യത്തുടനീളം പരിശോധന വർധിപ്പിക്കുകയും മെഡിക്കൽ ഓക്സിജനും മറ്റ് ഉപകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരിക്കുകയും വേണം. ആളുകളെ രക്ഷിക്കാൻ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിനേഷൻ നൽകണം. വാക്സിൻ ലഭ്യത ഉറപ്പുവരുത്താൻ നിർബന്ധിത വാക്സിൻ ലൈസൻസ് നൽകണം. ജീവൻ രക്ഷിക്കാനുള്ള മരുന്നുകളുടെ കരിഞ്ചന്ത നിർത്തലാക്കണം.
പകർച്ചവ്യാധി കാരണം ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. ഈ പരീക്ഷണ കാലത്ത് നമ്മൾ പരസ്പരം സഹായിക്കാൻ തയാറാകണം. മിക്ക സംസ്ഥാനങ്ങളിലും മെഡിക്കൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ, മരുന്നുകൾ എന്നിവയുടെ അഭാവമുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം കൊറോണയ്ക്കെതിരെ പോരാടാൻ രാജ്യവ്യാപകമായി ഒരു നയം തയാറാക്കണം. നമ്മുടെ രാജ്യം പലവിധ പ്രതിസന്ധികളെ മറികടന്നതാണ്. ഇതും മറികടക്കാനാകും. കൊറോണയ്ക്കെതിരെ പോരാട്ടത്തിൽ കേന്ദ്ര സർക്കാറിന് കോൺഗ്രസിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും’ സോണിയ ഗാന്ധി പറഞ്ഞു.