ന്യൂഡെൽഹി: മഹാമാരിയുടെ ഒന്നാംതരംഗം മുതൽ വിശ്രമമില്ലാതെ തങ്ങളുടെ ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഓരോ ജീവൻ രക്ഷിക്കാനും ആരോഗ്യപ്രവർത്തകർ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിശ്രമമില്ലാതെ മണിക്കൂറുകളോളം പി.പി.ഇ കിറ്റിനകത്തിരുന്ന് രോഗികളെ പരിചരിച്ചു. അത്തരത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ.
ഏപ്രിൽ 28നാണ് ഡോക്ടർ സൊഹൈൽ ചിത്രം പങ്കുവെച്ചത്. പി.പി.ഇ കിറ്റ് ധരിച്ചിരിക്കുന്ന ചിത്രവും പിപിഇ കിറ്റ് അഴിച്ചുമാറ്റിയതിന് ശേഷമുള്ള ചിത്രവുമാണത്. വിയർത്തുകുളിച്ച് നിൽക്കുകയാണ് ഡോക്ടർ. ഷർട്ട് മുഴുവൻ വിയർത്തു നനഞ്ഞിരിക്കുന്നു. ‘രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 15 മണിക്കൂർ പി.പി.ഇ ധരിച്ചതിന് ശേഷം എടുത്ത ചിത്രമാണത്.
ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ലൈക്കുകളും റീട്വീറ്റുകളുമാണ് എത്തിയത്. നിരവധിപേർ ഡോക്ടർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും ആശംസകളുമായെത്തി. ജനങ്ങളോട് കരുതലും ശ്രദ്ധയും ആവശ്യമാണെന്നും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡോക്ടർ അഭ്യർഥിക്കുന്നുണ്ട്. അതിനൊപ്പം വാക്സിൻ സ്വീകരിക്കുക മാത്രമാണ് മഹാമാരിയിൽനിന്ന് രക്ഷനേടാനുള്ള ഏകമാർഗമെന്നും ഡോക്ടർ പറയുന്നു.