കൊറോണ വ്യാപന തരംഗം; നിയന്ത്രണങ്ങള്‍ മേയ് 31 വരെ തുടരും; വിമർശനങ്ങൾക്കിടെ കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ രോഗബാധയുടെ രണ്ടാം ഘട്ടം അനിയന്ത്രിതമായി തുടരുമ്പോള്‍ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. രോഗ വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ അടുത്ത മാസം 31 വരെ തുടരണം.

ഏപ്രില്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊറോണ അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്.

ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് ഉയര്‍ന്നതും ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം മേഖലകള്‍ പൂര്‍ണമായി അടച്ചിടണം. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തിങ്കളാഴ്ച കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ നിര്‍ദേശം.

അതേസമയം കൊറോണ പ്രതിസന്ധി സംബന്ധിച്ച രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കേന്ദ്ര മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. ഓക്‌സിജന്‍ പ്രതിസന്ധി, വാക്‌സിന്‍ ക്ഷാമം എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.