കൊറോണക്കെതിരേ മരുന്ന് കുറിക്കാൻ അനുവദിക്കണമെന്ന് ശാഠ്യംപിടിച്ച് ‌‌കൊമേഴ്‌സുകാരൻ; താങ്കൾക്ക് 10 ലക്ഷം പിഴ വിധിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് ; 1000 രൂപ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡെൽഹി: കൊറോണ വൈറസ് ബാധിച്ചവർക്ക് മരുന്ന് കുറിച്ചു കൊടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ടയാൾക്ക് 1000 രൂപ പിഴയിട്ട് സുപ്രീം കോടതി. മഹാമാരിക്കെതിരേ മരുന്ന് കുറിപടികൾ എഴുതി നല്കണമെന്നുള്ള സുരേഷ് ഷായുടെ ഹർജിയിലാണ് സുപ്രീം കോടതി പിഴയിട്ടത്.

തികച്ചും വ്യത്യസ്തമായ ഈ ഹർജിയെ ബാലിശമെന്ന് വിളിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ, താങ്കൾ ഒരു ഡോക്ടറോ അതോ ശാസ്ത്രജ്ഞനോ ? താങ്കളുടെ യോഗ്യത എന്താണ്? എന്നാണ് സുരേഷ് ഷായോട് ചോദിച്ചത്. താൻ ഒരു ഡോക്ടറല്ലെന്നും, കൊമേഴ്സിൽ ബിരുദാനന്തര ബിരുദധാരിയാണെന്നും പറഞ്ഞ ഷാ ഗവേഷണം തന്റെ സ്വാഭാവികമായ ഒരു രീതിയാണെന്നും കോടതിയോട് ബോധിപ്പിച്ചു.

ഡോക്ടർമാർക്കും ശാസ്ത്രജ്ഞൻമാർക്കും കൊറോണ വൈറസിനെകുറിച്ച് പഠിപ്പിച്ചു കൊടുക്കുന്നത് ഒരു കൊമേഴ്‌സുകാരനാണോ എന്നും സുപ്രീം കോടതി ചോദിക്കുകയായിരുന്നു. 10 ലക്ഷം രൂപയുടെ പിഴ താങ്കൾക്ക് വിധിക്കട്ടെ ?’ എന്ന ചീഫ് ജസ്റ്റിസ് രമണയുടെ ചോദ്യത്തിന്, താൻ തൊഴിലില്ലാത്ത അധ്യാപകനാണെന്നും 10 ലക്ഷം രൂപ നൽകാൻ കഴിയില്ലെന്നും ഹർജിക്കാരൻ അറിയിച്ചു. പിന്നീടാണ് 1,000 രൂപ പിഴ കോടതി ചുമത്തിയത്. പിഴ കൊൽക്കത്ത ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകണമെന്നും സുപ്രീം കോടതി അറിയിച്ചു.