കാെറോണ വ്യാപനം; ടെലി മെഡിസിന്‍ സംവിധാനം ഇസഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമായി

തൃശൂർ : സംസ്ഥാനത്ത് കാെറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കി. കൊറോണക്കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി.

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35 ല്‍ പരം ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിത്സയ്ക്കും കാെറോണ രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഉൾപ്പെടെ എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരികരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.