മഞ്ചേരി: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി. പ്രസിഡൻ്റുമായ അഡ്വ. വിവിപ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ.
ഹൈസ്കൂൾ പഠനകാലത്തു തന്നെ കെ എസ്.യു പ്രവർത്തകനായ വി. വി പ്രകാശ് കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എടക്കര ഗവ. ഹൈസ്കൂളിനു സമീപം പരേതരായ വലിയവീട്ടിൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ് പ്രകാശ്. കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായ പ്രകാശ് കെഎസ്‌യുവിലെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്‌യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കോഴിക്കോട് ഗവ. ലോ കോളജിൽനിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്.
എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ മക്കളാണ്.
അന്തരിച്ച നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മലപ്പുറം ഡി സി സി പ്രസിഡന്റുമായിരുന്ന വി വി പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നേതാക്കള്‍.
സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവായിരുന്നു വിവി പ്രകാശ് എന്ന് രാഹുല്‍ ഗാന്ധി എം പി അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദു:ഖം രേഖപ്പെടുത്തി.
പൊതുപ്രവര്‍ത്തനത്തില്‍ സത്യസന്ധതയും അര്‍പ്പണ മനോഭാവവും പുലര്‍ത്തിയ വ്യക്തിയായിരുന്നു വി.വി. പ്രകാശെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ കാലഘട്ടത്തില്‍ കുറവാണു. വി.വി. പ്രകാശന്‍ തികച്ചും വ്യത്യസ്തനായ രാഷ്ട്രീയക്കാരനായിരുന്നു.
വിദ്യാര്‍ഥി- യുവജന കാലഘട്ടം മുതല്‍ പ്രക്ഷുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ടായിരുന്നു. പ്രകാശിന്റെ വേര്‍പാട് പൊതു ജീവിതത്തില്‍ തീരാ നഷ്ടമാണെന്ന് എ.കെ. ആന്റണി അനുസ്മരിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരാനഷ്ടമാണ് വി വി പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സഹോദരനെ നഷ്ടപ്പെട്ട വേദനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇല്ലാത്ത നേതാവായിരുന്നു വിവി പ്രകാശെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അനുസ്മരിച്ചു. ‘എന്ത് പറയണമെന്ന് എനിക്ക് തന്നെ അറിയില്ല. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പാര്‍ട്ടിയ്ക്കുണ്ടായ ഈ നഷ്ടം കാലം നികത്തട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’- കെ സുധാകാരന്‍ എം പി പറഞ്ഞു.