മലപ്പുറം: ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ.വി.വി പ്രകാശിന് രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. സംസ്കാരം നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തില്‍ എടക്കരയിലെ പാലുണ്ട ശ്മശാനത്തില്‍ നടന്നു. തെരഞ്ഞെടുപ്പ്ഫലം വരാനിരിക്കെ വി.വി പ്രകാശിന്‍റെ അപ്രതീക്ഷിത വിയോഗം കോൺഗ്രസ് പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കി.
രാവിലെ 6:15ന് ഭൗതികശരീരം ഡിസിസി ഓഫീസിൽ എത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ നിരവധിപേർ ഡിസിസി ഓഫീസിലേക്ക് എത്തിക്കൊണ്ടേയിരുന്നു. തുടർന്ന് എടക്കരയിലെ വീട്ടിലേക്ക് ഭൗതികശരീരം കൊണ്ടു വന്നു.
ഉച്ചയ്ക്ക് 2.30മുതൽ 4:40വരെ എടക്കര ബസ്റ്റാന്‍റില്‍ പൊതുദർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.ബാബു, പി.ടി തോമസ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അന്ത്യാഞ്ജലിയർപ്പിക്കാൻ എടക്കരയിലേക്ക് എത്തിയിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു പ്രകാശിൻ്റെ മരണം. മഞ്ചേരി ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം.
ഹൈസ്കൂൾ പഠനകാലത്തു തന്നെ കെ എസ്.യു പ്രവർത്തകനായ വി. വി പ്രകാശ് കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എടക്കര ഗവ. ഹൈസ്കൂളിനു സമീപം പരേതരായ വലിയവീട്ടിൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ് പ്രകാശ്. കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായ പ്രകാശ് കെഎസ്‌യുവിലെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്‌യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കോഴിക്കോട് ഗവ. ലോ കോളജിൽനിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്.
എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ മക്കളാണ്.