ന്യൂഡെൽഹി: ഐഫോണിന്‍റെ പാസ്വേഡ് നൽകാഞ്ഞതിന് പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തായ ബിബിഎ വിദ്യാർഥി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഡെൽഹിയിലെ പിതാംപുര പാർക്കിൽ ഏപ്രിൽ 21നായിരുന്നു സംഭവം. പ്രതി ബിബിഎ വിദ്യാർഥിയായ മായങ്ക് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 21ന് രാത്രി വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഫാക്ടറി ജീവനക്കാരനായ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കേ ഞായറാഴ്ച പീതാംപുരയിലെ പാർക്കിൽ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിൽ മൃതദേഹം കാണാതായ വിദ്യാർഥിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
മൃതദേഹത്തിന് സമീപം വലിയൊരു കരടിപ്പാവയും ഉണ്ടായിരുന്നു. പ്രദേശത്തുനിന്ന് മയക്കുമരുന്ന് ലഭിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് പാർക്കിന് സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ വിദ്യാർഥിയും പ്രതിയും നടന്നുപോകുന്നത് കണ്ടെത്തി. ഏപ്രിൽ 23 മുതൽ മായങ്ക് സിങ്ങിനെ കാണാനില്ലായിരുന്നു. തുടർന്ന് യു.പിയിലെ സുഹൃത്തിന്‍റെ വീട്ടിൽ ഒളിച്ചുകഴിഞ്ഞിരുന്ന മായങ്കിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഏപ്രിൽ 21ന് വിദ്യാർഥിയെ കണ്ടുമുട്ടിയതായും കൊലപ്പെടുത്തിയതായും പ്രതി മായങ്ക് സമ്മതിച്ചു. ഐഫോണിന്‍റെ പാസ്വേഡ് നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ ആദ്യം കല്ലുകൊണ്ട് തലക്കടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.