മുംബൈ: ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിക്കും സിബിഐ അന്വേഷണത്തിനും വഴിവച്ച അഴിമതി ആരോപണമുന്നയിച്ച മുൻ മുംബൈ പോലിസ് കമ്മീഷണർ പരംബീർ സിങ് ഉൾപ്പെടെയുള്ളവർക്കെതിരേ മുംബൈ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. അഴിമതി, അധികാര ദുർവിനിയോഗം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പട്ടികജാതി, വർഗ (അതിക്രമങ്ങൾ തടയൽ നിയമം), 1989 തുടങ്ങി 27 വകുപ്പുകൾ പ്രകാരമാണ് മുൻ കമ്മീഷണർ പരംബീർ സിങ് ഉൾപ്പെടെ 33 പേർക്കെതിരേ അകോല ജില്ലയിലെ പോലിസ് ഇൻസ്‌പെക്ടർ ഭീംറാവു ഗാഡ്ജ് എഫ്‌ഐആർ ഫയൽ ചെയ്തത്.
സീറോ എഫ്‌ഐആറാണ് (എവിടെയാണ് കുറ്റം ചെയ്തതെന്നത് പരിഗണിക്കാതെ ഏത് പോലിസ് സ്റ്റേഷനിലും എഫ്‌ഐആർ രേഖപ്പെടുത്തുന്ന രീതി) തയ്യാറാക്കിയിരിക്കുന്നത്. താനെ സിറ്റി പോലിസിന് എഫ്‌ഐആർ കൈമാറിയതായി അകോല ജില്ലാ പോലിസ് അധികൃതർ അറിയിച്ചു. കേസിൽ പേരുള്ളവരിൽ എക്കണോമിക് ഒഫൻസസ് വിങ് ഡിസിപി പരാഗ് മാനെരെയുടെ പേരും എഫ്‌ഐആറിലുണ്ട്. അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടകവസ്തുവുമായി കാർ കണ്ടെത്തിയ കേസിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടറായിരുന്ന സച്ചിൻ വാസെ അറസ്റ്റിലായതോടെയാണ് പരംബീറിനെ മുംബൈ പോലിസ് കമ്മീഷണർ പദവിയിൽനിന്ന് മാറ്റിയത്.
2015-2018 ൽ താനെയിൽ ജോലി ചെയ്യവെ നിരവധി ഉദ്യോഗസ്ഥർ സിങ്ങിന്റെ കീഴിൽ അഴിമതി നടത്തിയിരുന്നുവെന്നും ഗാഡ്‌ഗെ ആരോപിക്കുന്നു. അംബാനി കേസിൽ മുംബൈ പോലിസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സ്ഥലംമാറ്റിയശേഷം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരേ ഗുരുതര അഴിമതി ആരോപണമുന്നയിച്ച് പരംബീർ സിങ് രംഗത്തെത്തി. ഇത് വിവാദമായതിനെത്തുടർന്ന് അനിൽ ദേശ്മുഖ് പദവി രാജിവയ്ക്കുകയും കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പരംബീർ സിങ്ങിനെതിരേയും സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് മഹാരാഷ്ട്ര ഹോം ഗാർഡിലേയ്ക്ക് സ്ഥലംമാറ്റുകയും ചെയ്തു. താനെ പോലിസ് മേധാവിയായിരുന്ന കാലത്ത് എഫ്‌ഐആർ ഫയൽ ചെയ്ത വ്യക്തികൾക്കെതിരേ കുറ്റപത്രം നൽകരുതെന്ന് സിങ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഗാഗ്‌ഡെ ആരോപിച്ചു. നിർദേശങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് പരാതിക്കാരനെതിരേ അഞ്ച് കേസുകളെടുത്തു. പിന്നീട് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. പരാതിക്കാരൻ ഇപ്പോൾ അകോല പോലിസ് കൺട്രോൾ റൂമിലാണ് ജോലി ചെയ്യുന്നത്.