തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ ആരോഗ്യ വകുപ്പ് പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഇനി ഓൺലൈൻ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. സ്‌പോട് രജിസ്‌ട്രേഷന്‍ മുഖേന വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
വാക്‌സിന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വാകസര്‍ക്കാര്‍ വാക്‌സിനേഷനായുള്ള മാര്‍ഗ രേഖ പുതുക്കിയത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകിരിക്കുന്നവര്‍ക്ക് ഒപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കാനും ഉത്തരവില്‍ പറയുന്നു.
ആദ്യ ഡോസ് സ്വീകരിച്ച് കാലാവധി പൂര്‍ത്തിയാക്കിയവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കണം. കോവിഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 6-8 ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 4-6 ആഴ്ച കഴിഞ്ഞവര്‍ക്കുമാകും മുന്‍ഗണന.ആശാവര്‍ക്കര്‍മാരുടേയും തദ്ദേശ ജീവനക്കാരുടേയും സഹായത്തോടെയാകും ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക തയ്യാറാക്കുക.
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സ്ലോട്ട് നല്‍കുകയുള്ളൂ.
രണ്ടാംഡോസ് വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷനിൽ സ്പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. രണ്ടാംഡോസ് സ്പോട്ട് അലോട്ട്മെന്റാക്കിയെങ്കിലും ഒന്നാംഡോസ് വാക്സിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരും.
സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ നിലവിലുള്ള വാക്സിൻ സ്റ്റോക്ക് ഏപ്രിൽ 30-ന് ഉപയോഗിച്ച് തീർക്കണം. ബാക്കിവരുന്നവ മേയ് ഒന്നുമുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് 250 രൂപയ്ക്കുതന്നെ നൽകണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.