സംസ്ഥാനത്ത് കൊറോണ വ്യാപനം അതിതീവ്ര ഘട്ടത്തിൽ; ജനിതകമാറ്റം വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരും: അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തണം: കെജിഎംഒഎ

കൊച്ചി: കൊറോണ വ്യാപനം അതിതീവ്ര ഘട്ടത്തിലായതിനാൽ സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. അടിയന്തര ഇടപെടൽ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകുന്നു

രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാൻ മറ്റ് മാർഗമില്ല. ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളിൽ ആളുകൾ എത്തുന്നത് ഒഴിവാക്കണം. അവർ വീടുകളിൽ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയിൽ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊറോണ പകരാൻ സാധ്യതയുണ്ട്. ഇക്കര്യത്തിൽ സർക്കാരിന്റെ ഇടപെടലിനായി ഡോക്ടർമാരുടെ സംഘടന നിർദേശങ്ങൾ സമർപ്പിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റു സംഘനകളും ഇതേ ആവശ്യം ഉയർത്തിയിരുന്നു. കേരളത്തിൽ വാനോളമുയരുകയാണ് കൊറോണ കണക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ വർധനവായിട്ടായിരുന്നു ഇന്നലെ മുപ്പനതിനായിരവും കടന്നത്. 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഇന്നലെ മരണ സംഖ്യയും ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി എന്നതുമാത്രമാണ് ഇന്നലെ അൽപം ആശ്വാസത്തിനു വകയുള്ളത്.