ഇന്ത്യയിൽ 150 ലേറെ ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം; വിയോജിച്ച് വിവിധ വകുപ്പുകൾ

ന്യൂഡെൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നിർദേശം മുന്നോട്ട് വച്ചതെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്‌ത ശേഷമാവുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം നടപ്പായാൽ കേരളത്തിലെ പന്ത്രണ്ട് ജില്ലകളിൽ ലോക്ക്‌ഡൗൺ നിലവിൽ വരും. നിലവിലെ സാഹചര്യമനുസരിച്ച്‌ കൊല്ലം, പത്തനംതിട്ട ജില്ലകളെ മാത്രമേ സംസ്ഥാനത്തിന് ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയുളളൂ. സംസ്ഥാനത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗൺ ഫലപ്രദമാവണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്‌ചയെങ്കിലും പന്ത്രണ്ട് ജില്ലകളും അടച്ചിടേണ്ടി വരും.

അതേസമയം, ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുളള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്. ദേശീയ തലത്തിലുളള ലോക്ക്ഡൗൺ വേണ്ടയെന്ന അഭിപ്രായത്തിൽ ഉറച്ച്‌ നിൽക്കുകയാണ് പ്രധാനമന്ത്രി.

നിർമ്മാണമേഖലയടക്കം സ്‌തംഭിക്കും എന്നുളളത് കൊണ്ടാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കാത്തത് എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ലെങ്കിലും നിരത്തുകളിൽ ആവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നത്. പൊലീസ് പരിശോധന കേരളത്തിലുടനീളം ശക്തമാക്കിയിട്ടുണ്ട്.