കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹൻ്റെ ധൂര്‍ത്തും കുത്തഴിഞ്ഞ ജീവിതവുമാണു ജീവിതതകര്‍ച്ചയ്ക്കു കാരണമെന്നു കുറ്റപ്പെടുത്തി ഭാര്യ രമ്യ പൊട്ടിത്തെറിച്ചു. വൈഗയുടെ കൊലയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായും ഭാര്യയ്ക്കു സംശയമില്ല. വൈഗ കൊലക്കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനെയും കുട്ടിയുടെ മാതാവിനെയും ഒരുമിച്ചിരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ച് തൃപ്പൂണിത്തുറ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. രാവിലെ ഒമ്പതിനു രണ്ടു ബന്ധുക്കള്‍ക്കൊപ്പമാണു സനുവിന്റെ ഭാര്യ രമ്യ എത്തിയത്. 11 മണിയോടെ സനുവിനെ എത്തിച്ചു. സനുവിനെ കണ്ടപാടെ ഭാര്യ പൊട്ടിത്തെറിച്ചു. സനുവിനെ കുറ്റപ്പെടുത്തിയാണു മുഴുവന്‍ നേരവും സംസാരിച്ചത്. ചോദ്യംചെയ്യല്‍ രാത്രി ഏഴുമണിവരെ നീണ്ടു.
ഭര്‍ത്താവിനു മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി സംശയമുണ്ടോ എന്ന ചോദ്യത്തിനു ഉള്ളതായി അറിവില്ലെന്നായിരുന്നു മറുപടി. തെളിവെടുപ്പിനുശേഷം പോലീസിനു തോന്നിയ ചില സംശയങ്ങള്‍ ദൂരീകരിക്കാനാണു ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതെന്നു പോലീസ് പറഞ്ഞു. ഇനി ചോദ്യംചെയ്യല്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.
ഭാര്യ സനുവിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഗൂഡാലോചനയ്ക്കുള്ള സാധ്യത കണ്ടെത്താനായില്ല. പെട്ടെന്നു പ്രകോപിച്ചു എടുത്തുചാടുന്ന പ്രകൃതമാണു സനുവിനെന്നു ബോധ്യമായി. വന്‍ കടബാധ്യത വന്നതോടെ ഇയാളുടെ മാനസികനിലയില്‍ മാറ്റംവന്നു. കുടുംബത്തിനു വന്ന കടബാധ്യതയാണു മകളെ ഇല്ലാതാക്കാന്‍ കാരണമെന്നും ഇരുവരും തമ്മില്‍ അത്രയ്ക്ക് ആത്മബന്ധമായിരുന്നുവെന്നും ഭാര്യ മൊഴി നല്‍കി.
സനു മോഹന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയതിനേ തുടര്‍ന്നായിരുന്നു ഒരുമിച്ചുള്ള ചോദ്യംചെയ്യല്‍.
സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണു സനു പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ മകളെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട സനു ചൂതാട്ടം നടത്തിയെന്നും ആഡംബരം ജീവിതം നയിച്ചെന്നും പോലീസ് കണ്ടെത്തിയിരുന്നു. നാടുവിട്ട ശേഷം മൂന്നുതവണ ആത്മഹത്യാ ശ്രമം നടത്തിയെന്ന മൊഴിയും പോലീസ് വിശ്വസിക്കുന്നില്ല. ഭാര്യയുടെ പരാതിയിലാണു പോലീസ് കേസെടുത്തത്.
കൊലപാതകം നടത്തിയതിന്റെ പ്രേരണയായി ഇയാള്‍ പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നതു പോലീസിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കൊലപാതക കാരണം കൃത്യമായി തിരിച്ചറിയാനാണു കുട്ടിയുടെ മാതാവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
പല വിവരങ്ങളും സനു മോഹന്‍ മറച്ചുവെക്കുന്നുവെന്ന സംശയവും പോലീസിനുണ്ടായിരുന്നു. വൈഗയെ കൊലപ്പെടുത്താന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വൈകിട്ടോടെ ഡി.സി.പി. ഐശ്വര്യ ഡോങ്‌രെ എത്തി ഇരുവരെയും ചോദ്യംചെയ്തു. കസ്റ്റഡി കാലാവധി തീരുന്ന ഇന്നു സനുവിനെ കോടതിയില്‍ ഹാജരാക്കും.