അതിരമ്പുഴ പള്ളിയിലെ പോലീസ് ഇടപെടൽ മത സ്വാതന്ത്ര്യ നിഷേധം: ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ

ചങ്ങനാശ്ശേരി: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലെ പോലീസ് ഇടപെടൽ മതസ്വാതന്ത്ര്യ നിഷേധമാണെന്ന് ചങ്ങനാശ്ശേരി പാസ്റ്ററൽ കൗൺസിൽ. കൊറോണ പ്രോട്ടോകോൾ പാലിച്ച് ഇടവകജനങ്ങളെ ആരെയും പങ്കെടുപ്പിക്കാതെ ഒററയ്ക്ക് കുർബാന (പ്രൈവറ്റ് മാസ് ) അർപ്പിച്ച വൈദികനെ ഏറ്റുമാനൂർ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇനിയും ബലി അർപ്പിച്ചു കൂടായെന്ന് താക്കീത് നല്കിയ പോലിസ് നടപടിയിൽ ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അതീവ ഉത്കണ്ഠയും പ്രതിഷേധവും അറിയിച്ചു.

ഒരു വൈദികന് അനുദിന ബലിയർപ്പണം തന്റെ വൈദികധർമ്മത്തിന്റെ ഭാഗവും അവകാശവും കടമയുമാണ്. അത് തടയാൻ ഒരു ശക്തിക്കും അധികാരമില്ല. അതിനാൽ അത് നിഷേധിക്കുന്നത് മത സ്വാതന്ത്ര്യ നിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്.

കുട്ടനാട്ടിൽ പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ വിവാഹ കർമ്മത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥൻ കടന്നു കയറി വിശുദ്ധ കുർബാന തടസ്സപ്പെട്ടുത്തിയ സംഭവും ഇതോടു ചേർത്തു വായിക്കുമ്പോൾ കൊറോണയുടെ മറവിൽ രൂപപ്പെടുന്ന ഹിഡൻ അജണ്ട വ്യക്തമാകുന്നതായി യോഗം വിലയിരുത്തി.

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വികാരി ജനറാൾമാരായ ഫാ.ജോസഫ് വാണിയപുരയ്ക്കൽ ,റവ. ഡോ.തോമസ് പാടിയത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് , ഡോ. രേഖാ മാത്യൂസ് , ആന്റണി തോമസ് മലയിൽ , പാസ്റ്ററൽ കൗൺസിൽ അംഗം സണ്ണി പുളിങ്കാല എന്നിവർ പ്രസംഗിച്ചു.