കോഴിക്കോട്: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ വ്യാപാരിയെ വഴിയിൽ ഉപേക്ഷിച്ചു. പതിമംഗലം സ്വദേശി തൊടുകയിൽ അബ്ദുൽ കരീമിനെയാണ് തട്ടിക്കൊണ്ടു പോയത്.
തന്നെ തട്ടിക്കൊണ്ടുപോയത് കച്ചവട പങ്കാളി ഷഹസാദിൻറെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അബ്ദുൽ കരീം പറഞ്ഞു. അഞ്ച് ലക്ഷം രൂപ നൽകാമെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ദുൽ കരീം കുരുമംഗലം പോലീസിൽ ഹാജരായി.
തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയ അബ്ദുൽ കരീം തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കൾക്ക് ചൊവ്വാഴ്ച ഫോൺ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നൽകിയാൽ വിട്ടു നൽകാമെന്നുമായിരുന്നു സന്ദേശം.
എന്നാൽ ഇത്രയും തുക പെട്ടെന്ന് നൽകാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നൽകണമെന്നായി സംഘം. അബ്ദുൽ കരീം സഞ്ചരിച്ചിരുന്ന കാർ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ കുന്ദമംഗലം പോലീസ് കണ്ടെത്തിയിരുന്നു.
ബാംഗ്ലൂരിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്ദുൽ കരീമിന് ചില പണമിടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കരീമിൻറെ വ്യാപാര പങ്കാളിയായ ഷഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.