ബ്രിട്ടൺ: വാക്സിൻ ഫോർമുലകൾ വികസ്വര രാജ്യങ്ങളുമായി പങ്കിടരുതെന്ന് ബിൽ ഗേറ്റ്സ്. ഉത്പാദന രീതി പങ്കുവെച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുകയും ചെയ്യണമെന്ന ആഹ്വാനം മോശം ആശയമാണെന്ന് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോഴാണ് ബിൽഗേറ്റ്സ് ഇത്തരത്തിൽ പ്രതികരിച്ചത്. തന്നെ വലിയതോതിൽ ആശ്രയിച്ചിരിക്കുന്നത് ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെയാണ്, അത് തന്റെ സോഫ്റ്റ്വെയർ കണ്ടുപിടുത്തങ്ങളെ പതിനായിരക്കണക്കിന് കോടി ഡോളർ സമ്പത്താക്കി മാറ്റിയെന്നും പറഞ്ഞു.
“ലോകത്ത് ധാരാളം വാക്സിൻ ഫാക്ടറികൾ ഉണ്ട്, ആളുകൾ വാക്സിനുകളുടെ സുരക്ഷയെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുന്നവരാണ്. അതിനാൽ മുൻപ് ചെയ്യാത്ത രീതിയിൽ ഉദാഹരണത്തിന് ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ ഫാക്ടറിയിൽ നിന്ന് ഇന്ത്യയിലെ ഒരു ഫാക്ടറിയിലേക്ക് ഉത്പാദനത്തിന് അനുമതി നൽകുന്നത് പുതിയകാര്യമാണ് – നമ്മുടെ ധനസഹായവും വൈദഗ്ധ്യവും കാരണം മാത്രമേ ഇത് സംഭവിക്കൂ.” എന്നാണു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ സെറം ഫാക്ടറിയെക്കുറിച്ചാണ് ഈ പരാമർശം, അന്തർദ്ദേശീയമായി കോവിഷീൽഡ് വാക്സിൻ നിർമ്മിക്കാൻ ആസ്ട്രാസെനെക്കയുമായി സെറം ഇന്സ്ടിട്യൂട്ടിന് കരാറുണ്ട്.
അതായത് വാക്‌സിന്റെ പൂർണ അവകാശവും അധികാരവും അമേരിക്ക പോലെയുള്ള രാജ്യങ്ങൾക്കു മാത്രമുള്ളതാണെന്നും. സാമ്പത്തിക ലാഭം വേണ്ട എന്ന രീതിയിൽ മറ്റുരാജ്യങ്ങൾക്ക് ഇവ പങ്കിടുന്നത് ശരിയല്ലെന്നുമായിരുന്നു ബിൽ ഗേറ്റ്‌സിന്റെ അഭിപ്രായം.
യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ അവരുടെ ജനസംഖ്യയ്ക്ക് ആദ്യം കുത്തിവയ്പ് നൽകിയതിൽ അത്ഭുതമില്ലെന്നും ആ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായതാണ് അങ്ങനെ ചെയ്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നോ നാലോ മാസത്തിനുള്ളിൽ വാക്‌സിൻ രോഗവ്യാപനം കൂടുതലുള്ള എല്ലാ രാജ്യങ്ങളിലേക്കും എത്തുമെന്നും അതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.