തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഗുരുതര രോഗ സാഹചര്യങ്ങളില്ലാത്ത രോഗികൾ ഹോം ഐസലോഷനിലാണ് കഴിയുന്നത്. ഈ പശ്ചാത്തലത്തിൽ വീട്ടിൽ കഴിയുന്ന കൊറോണ രോഗികൾ പിന്തുടരേണ്ട മാർഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യ സാമൂഹ്യനീതി മന്ത്രിയുടെ ഓഫീസ്.
ഹോം ഐസൊലേഷൻ എങ്ങനെയാണ്. വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാൻ എന്തെല്ലാം മുൻകരുതലുകളെടുക്കണം, ഭക്ഷണക്രമം, സ്വയം നടത്താനാകുന്ന പരിശോധനകൾ, എന്നിവയെക്കുറിച്ചുള്ള വിശദീകരണമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഹോം ഐസലേഷനിൽ കഴിയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട അപായ സൂചനകളെക്കുറിച്ചും. അപകടമുണ്ടെന്ന് അനുഭവപ്പെട്ടാൽ തുടർന്ന് എന്തെല്ലാം ചെയ്യണമെന്നും നിർദ്ദേശങ്ങളുണ്ട്.
ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവയാണ് അപായ സൂചകങ്ങൾ.
തലച്ചോറിൽ ഓക്‌സിജൻ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാലാണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കണം.ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ദിശ 1056, 0471-2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവർത്തകരേയോ വിവരമറിയിക്കണം.
സ്വയം നിരീക്ഷണം വളരെ പ്രധാനം
ഹോം ഐസൊലേഷനിൽ കഴിയുന്നവർ അൽപം ശ്രദ്ധിച്ചാൽ രോഗ വ്യാപനം കുറയ്ക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് . കൊറോണ പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലെങ്കിൽ റൂം ഐസൊലേഷനാണ് നല്ലതെന്ന് കൊറോണയുടെ ഒന്നാം തരംഗത്തിൽ തന്നെ നമ്മൾ തെളിയിച്ചതാണ്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്.
മറ്റ് പ്രശ്‌നങ്ങളില്ലാത്ത കൊറോണ രോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന അത്യാവശ്യ മരുന്നും പൂർണ വിശ്രമവും കൊണ്ട് രോഗം മാറുന്നതാണ്. ഇവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാവുന്നതാണ്.
സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഡിസ്ചാർജ് മാർഗ രേഖയും പുതുക്കിയിരുന്നു. ഇതിലൂടെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് വിദഗ്ധ ചികിത്സ നൽകാൻ സാധിക്കുന്നു. മാത്രമല്ല ആശുപത്രി നിറയാതെ എല്ലാവർക്കും ചികിത്സ നൽകാനും സാധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഹോം ഐസൊലേഷൻ എങ്ങനെ?
ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷൻ എന്നത് റൂം ഐസൊലേഷനാണ്. അതിനാൽ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല.
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജനിതക മാറ്റം വന്ന വൈറസ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീ പരിചണം നടത്തുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
സാധനങ്ങൾ കൈമാറരുത്
ആഹാര സാധനങ്ങൾ, ടിവി റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്ലീച്ചിംഗ് ലായനി (1 ലിറ്റർ വെള്ളത്തിൽ 3 ടിസ്പൂൺ ബഌച്ചിംഗ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
വെള്ളവും ആഹാരവും വളരെ പ്രധാനം
വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. പറ്റുമെങ്കിൽ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
സ്വയം നിരീക്ഷണം ഏറെ പ്രധാനം
വീട്ടിൽ ഐസോലേഷനിൽ കഴിയുന്നവർ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീർണതകൾ വരികയാണെങ്കിൽ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പൾസ് ഓക്‌സി മീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. പൾസ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ച് വയ്‌ക്കേണ്ടതാണ്.
രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ് കൊറോണ രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാൽ പൾസ് ഓക്‌സീമീറ്റർ കൊണ്ട് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്‌സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്‌സിജൻ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാൻ സാധിക്കുന്നു.
സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്റെ അളവ് നേരത്തെയുള്ളതിൽ നിന്ന് 3 ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ഇ സഞ്ജീവനി വഴിയും ചികിത്സ തേടാവുന്നതാണ്.
അപായ സൂചനകൾ തിരിച്ചറിയണം
ഹോം ഐസൊലേഷനിൽ കഴിയുന്നെങ്കിലും ആരോഗ്യ പ്രവർത്തകർ ഒരു വിളിക്കപ്പുറം തന്നെയുണ്ട്. ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറിൽ ഓക്‌സിജൻ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാലാണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ദിശ 1056, 0471-2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവർത്തകരേയോ വിവരമറിയിക്കണം. ഈ സാഹചര്യത്തിൽ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലൻസ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കേണ്ടതാണ്. ഇത്തരം മുൻകരുതലുകളിലൂടെ ഈ വ്യാപനത്തെ കഴിയുന്നതും വേഗം നമുക്ക് അതിജീവിക്കാൻ സാധിക്കുന്നതാണ്.