ന്യൂഡെൽഹി: തീവ്ര കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിനും തൊട്ടടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങൾക്കും വിലക്ക് ബാധകമാണ്.
രാജ്യത്ത് തീവ്രകൊറോണ വ്യാപനത്തിന് തിരഞ്ഞെടുപ്പുകൾ കാരണമായതായി വിമർശനം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതി ഉൾപ്പെടെ ഇക്കാര്യത്തിൽ രൂക്ഷവിമർശനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയത്. കമ്മീഷൻ ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വരെ മദ്രാസ് ഹൈക്കോടതി പറയുന്ന സാഹചര്യവുമുണ്ടായി.
ഇതെല്ലാം കണക്കിലെടുത്താണ് വോട്ടെണ്ണൽ ദിവസം കർശന നിയന്ത്രണങ്ങൾ ഏർപെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കേരളത്തിൽ റാലികളും ആഹ്ലാദ പ്രകടനങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.