ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്‌സിനുകളായ കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയുടെ വില കുറയ്ക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും
കേന്ദ്രസര്‍ക്കാർ നിർദ്ദേശം നൽകി. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സീന്‍ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് കമ്പനികള്‍ വാക്സീനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ത്തിയത്.
ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കാന്‍ കേന്ദ്രം മരുന്നുകമ്പനികളോട് നിര്‍ദേശിക്കുന്നത്.
നിലവിൽ കൊവിഷീല്‍ഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീന്‍ നല്‍കാനാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊറോണ വാക്സീന്‍ കൊവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലാണ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളറുമാണ് വില.