ആർടിപിസിആർ പരിശോധനയ്ക്കു ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായിരിക്കെ ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ– 1700 രൂപ. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും.

ഡെൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ. കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും.

വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.