ഡെൽഹിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കൊറോണ വാക്സിൻ

ന്യൂഡെൽഹി: ഡെൽഹിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്സിന് ഓർഡർ നൽകാൻ അനുമതി നൽകിയതായും ഇതിനായി അറിയിച്ചു.
’18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എത്രയും വേഗത്തിൽ ജനങ്ങൾക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രോഗവ്യപാനം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ കുത്തിവെപ്പ് വേഗത്തിലാക്കും. രാജ്യത്തുടനീളം വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയർന്ന വില കുറയ്ക്കാൻ വാക്സിൻ നിർമാതാക്കളും കേന്ദ്രസർക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉയർന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കേന്ദ്രസർക്കാർ നടപടിയെ കുറ്റപ്പെടുത്തി കെജ്രിവാൾ പറഞ്ഞു. മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18-45 വയസിന് ഇടയിലുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്.