ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിമര്‍ശനാത്മക ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നൂറോളം ട്വീറ്റുകള്‍ നീക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നപടി. ഇത്തരം രീതികള്‍ സമൂഹത്തിലേക്ക് കൊറോണ വൈറസ് ബാധയുടേയും വാക്‌സിനേഷന്റേയും വ്യാജ വാര്‍ത്തകള്‍ എത്തുന്നതിന് കാരണമാകുന്നുവെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
പകര്‍ച്ചവ്യാധിക്ക് എതിരായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങളെ നേരിടുന്നതിനും കൂടി വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് നീക്കത്തെ ന്യായീകരിച്ച് കൊണ്ട് മന്ത്രാലയം പറയുന്നു.
രാജ്യം ഗുരുതരമായ അവസ്ഥയെ നേരിടുന്ന ഘട്ടത്തിലും ആരോഗ്യപരമായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും യഥാര്‍ത്ഥമായ ആഭ്യര്‍ത്ഥനകളെ സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുമ്പോഴും സോഷ്യല്‍ മീഡിയ വഴിയുളള വിമര്‍ശനങ്ങളെ നേരിടേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് മന്ത്രാലയത്തിന്റേത്.
കൊറോണയുമായി ബന്ധപ്പെട്ട വിമര്‍ശനാത്മക പോസ്റ്റുകള്‍ നീക്കാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ട്വീറ്റുകള്‍ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിന് പിന്നാലെ അന്‍പതോളം ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്. എന്നാല്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം ട്വിറ്റര്‍ തള്ളി