ന്യൂഡെൽഹി: രാജ്യത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമാക്കി മഹാരാഷ്ട്ര. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കൊറോണ കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് സംസ്ഥാനത്ത് എല്ലാവർക്കും വാക്‌സിൻ സൗജന്യമെന്ന് അറിയിച്ചത്.
കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയിൽ 60,000 ത്തിലധികം കൊറോണ കേസുകളാണ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം തെലങ്കാന ഹരിയാന എന്നീ സംസ്ഥാനങ്ങളും സംസ്ഥാനത്ത് എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമാക്കിയിരുന്നു.
അതേസമയം കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ നാല് ജില്ലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി.
ഏപ്രിൽ 27 മുതൽ മെയ് 10 വരെയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കൻഗ്ര, ഉന, സോളൻ, സിർമൂർ എന്നീ ജില്ലകളിലാണ് രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ രാത്രി നിയന്ത്രണം. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.