സ്റ്റോക്ക്ഹോം: കൊറോണ രണ്ടാംതരംഗത്തിൽ പതച്ചുനിൽക്കുന്ന ഇന്ത്യയെ സഹായിക്കാൻ ലോകസമൂഹം മുന്നോട്ട് വരണമെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം.
ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകമാണെന്ന് ഗ്രെറ്റ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമായ സഹായം നൽകാൻ ലോകസമൂഹം മുന്നോട്ടുവരണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കൊറോണ ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്കൈ ന്യൂസിന്റെ റിപ്പോർട്ട് ഗ്രെറ്റ പങ്കുവെച്ചിട്ടുമുണ്ട്.
കൊറോണയുടെ രണ്ടാംതരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ത്യ. മെഡിക്കൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകളിലുണ്ടാകുന്ന വൻവർധന മിക്ക സംസ്ഥാനങ്ങളിലെയും ആരോഗ്യസംവിധാനത്തെ സമ്മർദ്ദത്തിലും ആക്കിക്കഴിഞ്ഞു.