സൗജന്യ വാക്‌സീനേഷൻ പദ്ധതി തുടരും; വാക്‌സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുത്: പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് നിലവിലെ സൗജന്യ വാക്‌സീനേഷൻ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യർത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാൽ ഈ തരംഗത്തിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യം അർപ്പിച്ചു.

നിലവിലെ അവസ്ഥയിൽ ഡോക്ടർമാർ ഓൺലൈൻ സംവിധാനം ഒരുക്കുന്നത് പ്രശംസനീയമാണ്. ഈ ദുരിത കാലം കടന്നുപോകാൻ ഒരു പോസിറ്റീവ് എനർജി ഉണ്ടാകണം. വിശ്വസനീയമായ സ്രോതസുകളെ മാത്രമേ വാർത്തകൾക്കായി ആശ്രയിക്കാവൂ. കൊറോണയുമായി ബന്ധപ്പെട്ട ഒരു വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് മുൻപ് അതിന്റെ ഉറവിടം ഏതാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.