കൊറോണ വാക്‌സിന്‍; വയോജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പുതുക്കി

തിരുവനന്തപുരം: കൊറോണ വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് വയോജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പുതുക്കി. വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വയോജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഇത് സംബ്ധിച്ച് എല്ലാ ജില്ലാ വാക്സിനേഷന്‍ ഓഫിസര്‍മാരും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഇതുവരെ 68,27,750 ഡോസ് കൊറോണ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞു. 57,88,558 പേരാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 10,39,192 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു.

നിലവില്‍ മൂന്നുലക്ഷം ഡോസ് വാക്സിന്‍ കേരളത്തില്‍ സ്റ്റോക്കുണ്ട്. ഇവയും എത്രയും വേഗം വിതരണം ചെയ്യും. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ഡോസുകള്‍ എത്തിയില്ലെങ്കില്‍ വീണ്ടും വാക്‌സിനേഷന്‍ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി സ്വന്തം നിലയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.